പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗം: വിശദീകരണവുമായി എന്‍. സി. ഇ. ആര്‍. ടി

പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗം: വിശദീകരണവുമായി എന്‍. സി. ഇ. ആര്‍. ടി

ന്യൂഡല്‍ഹി: എന്‍. സി. ഇ. ആര്‍. ടി പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പാഠഭാഗങ്ങള്‍ മാറ്റിയതിന് പിന്നില്‍ ദുരുദ്ദേശങ്ങളൊന്നുമില്ലെന്ന വിശദീകരണവുമായി എന്‍. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ദിനേശ് സക്ലാനി. ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഭാഗങ്ങളടക്കം ഒഴിവാക്കിയത് സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായാണെന്നും ഇത് ഒറ്റരാത്രി കൊണ്ടുണ്ടായ മാറ്റമല്ലെന്നും എന്‍. സി. ഇ.ആര്‍. ടി വിശദീകരിച്ചു.

പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് കഴിഞ്ഞ വര്‍ഷമാണെന്നും ഈ വര്‍ഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും എന്‍സിആര്‍ടി കൂട്ടിച്ചേര്‍ത്തു. ചില ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ വിഷയ വിദഗ്ധ സമിതിയാണ് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു മാറ്റം കൊണ്ടുവന്നത്. ഒറ്റരാത്രികൊണ്ട് ഒന്നും ഒഴിവാക്കാനാകില്ല. ഇതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ല.’ ദിനേഷ് സക്ലാനി വ്യക്തമാക്കി.

ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ചത്, ഗാന്ധിയോട് ഹിന്ദു തീവ്രവാദികള്‍ക്ക് വെറുപ്പായിരുന്നു, ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്സെ പൂനയില്‍ നിന്നുള്ള ബ്രാഹ്‌മണനായിരുന്നു, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധി വധത്തിന് പിന്നാലെ വിദ്വേഷം പടര്‍ത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആര്‍. എസ്. എസിനെയും കുറച്ച് കാലത്തേക്ക് നിരോധിച്ചു തുടങ്ങി പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്‌കത്തിലുണ്ടായിരുന്ന ഭാഗങ്ങളാണ് നീക്കം ചെയ്തത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഈ ഭാഗങ്ങള്‍ രാഷ്ട്രമീമാംസ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പഠഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്‍. സി. ഇ. ആര്‍. ടി പുറത്തിറക്കാറുള്ള കുറിപ്പില്‍ പക്ഷെ പന്ത്രണ്ടാം ക്ലാസിലെ പാഠഭാഗങ്ങള്‍ മാറ്റിയതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്‍. സി.ഇ. ആര്‍. ടി.പാഠ പുസ്തകത്തില്‍ നിന്നും മുഗള്‍ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

സിലബസ് പരിഷ്‌ക്കരണമെന്ന വിശദീകരണത്തോടെയാണ് പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശമുള്ള അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈററി എന്ന ഭാഗം പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കി. നീക്കം ചെയ്ത പാഠഭാഗങ്ങളേതൊക്കെയെന്ന് വിശദമാക്കുന്ന കുറിപ്പില്‍ പക്ഷേ എന്‍. സി. ഇ. ആര്‍. ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. നേരത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചും, മുഗള്‍കാലഘട്ടത്തെയും, ജാതിവ്യവസ്ഥയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *