മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു; ചുമത്തിയത് 34 കുറ്റങ്ങള്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു; ചുമത്തിയത് 34 കുറ്റങ്ങള്‍

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. പോണ്‍താരമായ സ്റ്റോമി ഡാനിയേല്‍സുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ പണം നല്‍കിയെന്ന കേസിലാണ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുന്നത്. മന്‍ഹാട്ടണ്‍ കോടതിയിലാണ് ട്രംപ് കീഴടങ്ങാനെത്തിയത്. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.

കനത്ത സുരക്ഷയിലാണ് ട്രംപ് മന്‍ഹാട്ടണ്‍ കോടതിയില്‍ എത്തിയത്. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കി. 36,000 പോലിസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചത്. കോടതിയുടെ 15ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികള്‍. കുറച്ചുപേര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.

34 കുറ്റങ്ങളാണ് ട്രംപിനെതിരേ കോടതി ചുമത്തിയത്. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചു. വാദം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 2008 ല്‍ നടി സ്റ്റോമി ഡാനിയേല്‍സുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീര്‍ക്കാന്‍ 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണു കേസ്. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ആദ്യ മുന്‍ യു.എസ് പ്രസിഡന്റാണ്. ഫ്‌ളോറിഡയിലെ വസതിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണു ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. ട്രംപ് ടവറില്‍നിന്നാണു കോടതിയിലേക്കു പോയത്.

2016 ലെ യു.എസ് തെരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി നടി സ്റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്നതാണ് കേസ്. 1.30 ലക്ഷം യു.എസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ല്‍ താനും ട്രംപും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്നും ‘വ്യാജമായ ആരോപണങ്ങള്‍’ അവസാനിപ്പിക്കാനാണു പണം നല്‍കിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍, 2016 ഒക്ടോബര്‍ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ (എന്‍.ഡി.എ) ഡാനിയല്‍സ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീര്‍പ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകള്‍ ലോസ് ആഞ്ചലസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡാനിയല്‍സിന്റെ അന്നത്തെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്ണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും ആണ് എന്‍.ഡി.എയില്‍ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. 2018ല്‍ വോള്‍ സ്ട്രീറ്റ് ജേണല്‍ ആണ്, ഡാനിയല്‍സിനു ട്രംപ് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ കൂടുതല്‍ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണ് കോടതി നടപടികള്‍. 2020ലെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള മറ്റു ക്രിമിനല്‍ കേസുകളിലും ട്രംപ് നടപടി നേരിടുന്നുണ്ട്. 2017-21 ല്‍ പ്രസിഡന്റായിരുന്നപ്പോള്‍ ജനപ്രതിനിധിസഭ രണ്ടു തവണ ട്രംപിനെ ഇംപീച്ച് ചെയ്‌തെങ്കിലും സെനറ്റ് രക്ഷിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *