കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കു നില്‍ക്കുന്നുണ്ടായിരുന്നു. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
രാത്രിയോടെ വീട്ടില്‍ നിന്നും വലിയ വഴക്ക് കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. രാത്രി രണ്ടര വരെ വീട്ടില്‍ നിന്ന് സംസാരം കേട്ടിരുന്നു. രാവിലെ മണിയന്റെ സഹോദരി വന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്ന് നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അയല്‍വാസികള്‍ പറയുന്നു. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മരിച്ച മണിയന്‍.