തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം എഫ്എച്ച്സി അഴീക്കല്‍, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി, കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് എന്നീ ആശുപത്രികള്‍ക്കാണ് പുതിയതായി അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ 160 ആശുപത്രികള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും, കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും നേടിയാണ് നേട്ടം കൈവരിച്ചത്. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 104 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സേവനങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.