കൊച്ചി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവം എന്താണ് എന്ന് പരിശോധിക്കുമെന്നും കണ്ടക്ടറെ സ്ഥലംമാറ്റിയ തീരുമാനം കെ.എസ്.ആര്.ടി.സിയിലെ താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്നും മന്ത്രി പറഞ്ഞു.
ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച കെ.എസ്.ആര്.ടി.സി വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില. എസ് നായരെയാണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെ.എസ്.ആര്.ടി.സിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞു