കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ സ്വര്‍ണാഭരണ നിര്‍മാണം പാടില്ല  ഹൈക്കോടതി

കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ സ്വര്‍ണാഭരണ നിര്‍മാണം പാടില്ല ഹൈക്കോടതി

  1. കോഴിക്കോട്: കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ഗോള്‍ഡ് നടത്തിവരുന്ന സ്വര്‍ണാഭരണ നിര്‍മാണം കേരള ഹൈക്കോടതി തടഞ്ഞതായി കാക്കഞ്ചേരി പരിസര സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ഫയല്‍ ചെയ്ത കേസില്‍ ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഇടക്കാല ഉത്തരവ്. ദിവസേന 120 കിലോഗ്രാം സ്വര്‍ണാഭരണമുണ്ടാക്കുമ്പോള്‍ 39 ലിറ്ററോളം ഹൈഡ്രോക്ലോറിക്, നൈട്രിക്, സള്‍ഫ്യൂരിക് ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും റുഥീനിയും, ഇറിഡിയം, കാഡ്മിയം, സിങ്ക്, ലെഡ്, മെര്‍ക്കുറി തുടങ്ങിയ രാസലോഹ മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റര്‍ മലിനജലത്തോടൊപ്പം പുറംതള്ളുമെന്ന് 2013ലെ അപേക്ഷയില്‍ വ്യക്തമായി കാണിച്ച മലബാര്‍ ഗോള്‍ഡിനെതിരേ പ്രദേശത്തെ ജനങ്ങള്‍ 2014 ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലായിരുന്നു.

സമരം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ അന്നത്തെ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും റവന്യൂ, പോലിസ്, കിന്‍ഫ്ര, പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് ഉദ്യോഗസ്ഥരേയും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ബോര്‍ഡ്, സമരസമിതി എന്നിവരേയും മലബാര്‍ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദിനേയും വിളിച്ചുചേര്‍ത്ത് മലബാര്‍ഗോള്‍ഡിന്റെ കിന്‍ഫ്ര പാര്‍ക്കിലെ സ്വര്‍ണാഭരണ നിര്‍മാണശാല എന്ന പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചു. പകരം ഫുഡ്‌കോര്‍ട്ട്, പ്രൊഡക്ട് ഡിസ്‌പ്ലേ റൂം, ടെക്‌നോമാള്‍ സെയില്‍ ഔട്ട്‌ലെറ്റ് ആന്റ് ഷോപ്പ്, പാക്കേജിങ് യൂണിറ്റ്, ഐ.ടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മലനീകരണമുണ്ടാക്കാത്ത സ്ഥാപനങ്ങള്‍ മാത്രമാണ് തുടങ്ങുകയെന്നും ഉറപ്പുനല്‍കിയിരുന്നു.

കൂടാതെ ഡെപ്യൂട്ടി കലക്ടര്‍, ഡിവൈ.എസ്.പി, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മലബാര്‍ഗോള്‍ഡ് പ്രതിനിധി, സമരസമിതി പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരഞ്ചംഗ കമ്മിറ്റിയും വ്യവസായമന്ത്രി പ്രഖ്യാപിക്കുകയും പുതുതായി മുന്നോട്ടുവച്ച വ്യവസായങ്ങള്‍ മാത്രമാണ് അവിടെ നടത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്തു. സമരരംഗത്തുള്ളവര്‍ക്കെതിരേ കെട്ടിച്ചമച്ച അഞ്ച് കേസുകള്‍ നാല് മാസത്തിനകം പിന്‍വലിക്കണമെന്നും മലബാര്‍ഗോള്‍ ചെയര്‍മാനോട് മന്ത്രി ഇ.പി ജയരാജന്‍ നിര്‍ദേശിച്ചു. വ്യവസായവകുപ്പ് മന്ത്രിയുടേയും അഞ്ചംഗ കമ്മിറ്റിയുടേയും അഭ്യര്‍ഥന മാനിച്ച് ആറ് വര്‍ഷമായി കമ്പനി കോമ്പൗണ്ടിനകത്തേക്ക് കയറാന്‍ കഴിയാതിരുന്ന മലബാര്‍ഗോള്‍ഡിന് കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാനും പുതിയ വ്യവസായങ്ങള്‍ തുടങ്ങുവാനും  അവസരം ലഭിച്ചു. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാടെ ലംഘിച്ചുക്കൊണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്വര്‍ണം ഉരുക്കല്‍, ആഭരണ നിര്‍മാണം മുതല്‍ മാര്‍ക്കറ്റിംഗ് വരെയുള്ള എല്ലാ പ്രക്രിയകളും തുടങ്ങി.

മല്ലപ്പുറം ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ചേലേമ്പ്ര പഞ്ചായത്ത് സെക്രട്ടറിയും തുടര്‍ന്ന് അഞ്ചംഗകമ്മിറ്റിയും കമ്പനിയില്‍ പരിശോധന നടത്തിയപ്പോഴാണ് കരാര്‍ ലംഘനത്തിന്റെ വ്യാപ്തി മനസ്സിലായത്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അസംബ്ലിംഗിന് കിന്‍ഫ്ര അനുമതി നല്‍കിയിട്ടുണ്ടെന്നും 40 കിലോഗ്രാം സ്വര്‍ണാഭരണമുണ്ടാക്കാന്‍ പൊല്യൂഷന്‍ കണ്‍ണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും മനസ്സിലായത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കിയത് 13.09.2022നാണെങ്കില്‍ അവര്‍ക്ക് അതിനുള്ള അപേക്ഷ ലഭിച്ചത് 20.10.2022നാണ്, അതില്‍ ഒപ്പും ഇല്ലതാനും. അതായത് അപേക്ഷ ലഭിക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ അനുമതി നല്‍കിയെന്ന് സാരം.

 

ഇപ്പോഴത്തെ വ്യവസായവകുപ്പ് മന്ത്രി രാജീവിന്റേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് നാലിന്  ഉദ്ഘാടനം ചെയ്തു. ഈ സാഹചര്യത്തിലാണ് കരാര്‍ ലംഘനത്തിനും വഞ്ചനക്കുമെതിരേ ഹൈക്കോടതിയെ സമീപിച്ചത്. അസംബ്ലിംഗ് മാത്രമേ കമ്പനിയില്‍ നടത്താവൂവെന്നും അത് മാത്രമേ നടക്കുന്നുള്ളൂവെന്നും മലപ്പുറം ജില്ലാ കലക്ടറും പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, സെക്രട്ടറി ഷെരീഫ്.എന്‍, രക്ഷാധികാരി ഡോ.മുഹമ്മദ് ഷാഫി, വൈസ്പ്രസിഡന്റ് ടി.വി ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *