വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സാമൂഹിക നവോത്ഥാനത്തിന്റെ നാഴികക്കല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പില്‍ക്കാലത്ത് നടന്ന എല്ലാ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങള്‍ക്കും മാതൃകയായിരുന്നു വൈക്കം സത്യാഗ്രഹമെന്ന നിയമസഭയിലെ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്‌നാട് നിയമസഭയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. .’ വൈക്കം സത്യഗ്രഹത്തിലെ മുന്നണിപ്പോരാളിയായി തന്തൈ പെരിയാറെ വിശേഷിപ്പിച്ച സ്റ്റാലിന്‍, സഭയില്‍ നടത്തിയ പ്രഖ്യാപനങ്ങളെ ചരിത്രപരം എന്നാണ് പറഞ്ഞത്. സത്യഗ്രഹത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തിലെത്തിയ പെരിയാര്‍ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെടുകയും അരൂക്കുറ്റി പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ജയിലിലും മാസങ്ങള്‍ തടവില്‍ കഴിയേണ്ടി വന്നതും സ്റ്റാലിന്‍ സഭയിലെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാര്‍ സ്മാരകം നിര്‍മ്മിക്കാനും തീരുമാനിച്ചു.

വൈക്കം സമരത്തിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘വൈക്കം സമരത്തെക്കുറിച്ച് പഴ അത്തിയമാന്‍ രചിച്ച പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പ്രസിദ്ധീകരിക്കും. ഇത് ഇംഗ്ലീഷ്, തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറക്കും. പുറമേ എല്ലാ വര്‍ഷവും സെപ്തംബര്‍ 17ന് സാമൂഹിക നവോത്ഥാന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ‘വൈക്കം അവാര്‍ഡ്’ ഏര്‍പ്പെടുത്തും.’ ഈ വര്‍ഷം നവംബര്‍ 29ന് ഇതോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.

വൈക്കം പ്രക്ഷോഭത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം പകരാനായി തമഴ്‌നാട്ടിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രബന്ധ രചനാ മത്സരം, പ്രസംഗ മത്സരം, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 64 പേജ് വരുന്ന പുസ്തകം തമിഴ്‌നാട് ടെക്റ്റ്ബുക്ക് ആന്‍ഡ് എജുക്കേഷണല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഓഡിയോ ബുക്ക് ഇംഗ്ലീഷിലും തമിഴിലും പുറത്തിറക്കുകയും ചെയ്യും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് വിദഗ്ദ്ധരുടെ കുറിപ്പുകള്‍ ശതാബ്ദി സുവനീയറിന്റെ ഭാഗമായി ‘തമിഴ് അരശ്’ മാസികയില്‍ പ്രസിദ്ധീകരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *