രാഹുല്‍ ഗാന്ധിക്കെതിരെ നിലവില്‍ 21 കേസുകള്‍, ഇനിയും വരും; കൗരവ പരാമര്‍ശത്തിന്റെ പേരിലുള്ള കേസ് കാര്യമാക്കുന്നില്ല: കെ.സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരെ നിലവില്‍ 21 കേസുകള്‍, ഇനിയും വരും; കൗരവ പരാമര്‍ശത്തിന്റെ പേരിലുള്ള കേസ് കാര്യമാക്കുന്നില്ല: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി:  ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധി നടത്തിയ കൗരവപരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തതിനെ കാര്യമാക്കുന്നില്ലെന്ന് കെ.സി. വേണുഗോപാല്‍. രാഹുല്‍ഗാന്ധിക്കെതിരേ നിലവില്‍ 21 കേസുകളുണ്ടെന്നും ഇനിയും വരുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ആര്‍.എസ്.എസിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെതിരേ പുതിയ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുകൊണ്ട് ക്ഷീണിക്കുന്നത് ബിജെപിയാവുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയില്‍ എത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. ഇത് സംബന്ധിച്ചാണ് ഹരിദ്വാര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കമല്‍ ഭഡോരിക്ക് വേണ്ടിയാണ് താന്‍ പരാതി ഫയല്‍ ചെയ്തതെന്നാണ് അഭിഭാഷകന്‍ അരുണ്‍ ബഡോറിയ അറിയിച്ചിരിക്കുന്നത്. ഹര്‍ജി ഏപ്രില്‍ 12-ന് കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഞങ്ങള്‍ പരാതി നല്‍കിയത്. രണ്ട് വകുപ്പുകളും ക്രിമിനല്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *