ന്യൂമാഹി: തലശ്ശേരി-മാഹി ബൈപാസില്‍ ഒന്നര മാസം മുമ്പ് നിര്‍മാണ ജോലികള്‍ നടക്കവേ മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റ് ഇനിയും പുനഃസ്ഥാപിച്ചില്ല. കമ്പികളത്രയും തൊട്ടടുത്ത തെങ്ങില്‍ കെട്ടിവെച്ചത്, ഇപ്പോഴും ഒന്നും ചെയ്യാതെ നിര്‍ത്തിയിരിക്കുകയാണ്. മഴ പെയ്താല്‍ വെള്ളം കെട്ടി നില്ക്കുന്ന ഈ സ്ഥലത്ത് പോസ്റ്റ് കുഴിച്ചിടാനാവില്ല. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മറ്റൊരു ദുരന്തത്തിന് കൂടി കാരണമായേക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. ബൈപാസിന്റെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനിടയില്‍ പോസ്റ്റ് മറിഞ്ഞു വീണ് ഒരു കരാര്‍ ജീവനക്കാരന് മരണപ്പെടുകയും, മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് കവിയൂര്‍ മങ്ങാട് ബൈപാസില്‍ അപകടമുണ്ടായത്. ആസാം സ്വദേശി ദിലീപ് രാജു (30)വാണ് ദാരുണമായി മരണപ്പെട്ടത്. ഇ.കെ.കെ കമ്പനിയുടെ കരാര്‍ ജോലി എടുക്കുന്നവരായിരുന്നു ഇവര്‍.