ഹെല്‍ത്ത് കാര്‍ഡ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കും

ഹെല്‍ത്ത് കാര്‍ഡ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. കൂടാതെ ഭക്ഷ്യ സുരക്ഷാ പരിശോധനയും കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു.
ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു. ഭക്ഷ്യ വിഷബാധകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി ഉത്തരവിറക്കിയത്. കൃത്യമായ പരിശോധനകളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്‍ഡ് വിതരണം ചെയ്തത് വിവാദമായിരുന്നു. മാര്‍ഗ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപക പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു.

രജിസ്‌ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഇതിന് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (ഇന്റലിജന്‍സ്) അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *