കെ.കെ രമ എം.എല്‍.എക്കെതിരായ ആക്രമണവും ഭീഷണിയും ആസൂത്രിതം: ആര്‍.എം.പി

കെ.കെ രമ എം.എല്‍.എക്കെതിരായ ആക്രമണവും ഭീഷണിയും ആസൂത്രിതം: ആര്‍.എം.പി

കോഴിക്കോട്: കെ.കെ രമ എം.എല്‍.എക്ക് നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കാന്‍ ഇടയായ സംഭവവും പിന്നീട് സി.പി.എം നേതൃത്വം രമക്കെതിരേ നടത്തിയ വ്യാജപ്രചരണവും ആസൂത്രിതമായിരുന്നുവെന്ന് ആര്‍.എം.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദഗ്ധ പരിശീലനം ലഭിച്ച വാച്ച് ആന്റ് വാര്‍ഡ്കാരെ ഉപയോഗപ്പെടുത്തി ആന്തരികമായി വലിയ ക്ഷതമേല്‍പ്പിക്കുന്ന വിധത്തിലായിരുന്നു ആക്രമണം. വലതുകൈയുടെ ലിമഗമെന്റിന് ഗുരുതരമായ പരുക്കാണ് സംഭവിച്ചത്. ഇതിന്റെ ഗൗരവത്തില്‍ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറാകുന്നില്ലായെന്നത് ഗൂഢാലോചനയാണ്. ഇത് സംബന്ധിച്ച് വ്യാജപ്രചരണം നടത്തിയ സച്ചിന്‍ദേവ് എം.എല്‍.എക്കെതിരേ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി വരെ ഈ പ്രചരണം ഏറ്റെടുത്തുവെന്നത് ഉന്നതതല ഗൂഢാലോചനയുടെ തെളിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ നല്‍കിയ പരാതി പിന്‍ഡവലിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഭീഷണിക്കത്ത് വന്നിട്ടുള്ളത്. രമ എം.എല്‍.എ ആയതും നിയമസഭയില്‍ ശക്തമായി ഇടപ്പെടുന്നതും സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അതുക്കൊണ്ടാണ് എം.എല്‍.എ ആയതിനുശേഷം മൂന്നുതവണ വധഭീഷണി വന്നത്. ഇതിനെതിരേ കൊടുത്ത പരാതിയില്‍ ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാകുന്നില്ല. ഒരു നിയമസഭാംഗത്തിനുപോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. രമ നല്‍കിയ എല്ലാ പരാതിയിലും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിയമസഭാ കമ്മിറ്റി ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.വേണു, അഡ്വ.പി.കുമാരന്‍ കുട്ടി, കെ.പി പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *