തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വി.സി വിശദീകരണം നല്‍കാന്‍ ഇന്ന് ഹാജരാകില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു. കെ.ടി.യു വിസി സ്ഥാനത്ത് നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇന്നാണ് വിരമിക്കുന്നത്. അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ സര്‍ക്കാരിനെ അറിയിച്ചത്. നാളെ മുതല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും സിസ തോമസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെ.ടി.യു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനോട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. സിസ തോമസിനെതിരെ നടപടിയെടുക്കും മുന്‍പ് സര്‍ക്കാര്‍ അവരെ കേള്‍ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നില്ല.