കാണ്‍പൂര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം; 500 കടകള്‍ കത്തിനശിച്ചു, ആളപായമില്ല

കാണ്‍പൂര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം; 500 കടകള്‍ കത്തിനശിച്ചു, ആളപായമില്ല

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബസ്മണ്ടി മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 500 കടകള്‍ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. വെള്ള്ിയാഴ്ച പുലര്‍ച്ചെയാണ് ബസ്മണ്ടിയിലെ എ.ആര്‍. ടവറില്‍ തീ പിടുത്തമുണ്ടായത്. തീപിടുത്തമുണ്ടാകാനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മസൂദ് നഗറിലെ കടകളിലേക്കും ഹംറാസ് കോംപ്ലക്‌സിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കുന്നതിനായി 16 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. മാര്‍ക്കറ്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി ലഖ്നൗവില്‍ നിന്ന് സൈനിക വാഹനങ്ങള്‍ക്കൊപ്പം ഹൈഡ്രോളിക് ഫയര്‍ ടെന്‍ഡറുകളും സമീപ ജില്ലകളില്‍ നിന്ന് ഫയര്‍ ടെന്‍ഡറുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയ് കുമാര്‍ പറഞ്ഞു. ‘പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഹംരാജ് മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായത്. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീപിടുത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’, അജയ് കുമാര്‍ പറഞ്ഞു. മാര്‍ക്കറ്റിലുണ്ടായ തീപിടുത്തം വലിയ ആഘാതമാണ് വ്യാപാരികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാരികള്‍ക്കുണ്ടായ നഷ്ടം എത്രയാണെന്ന് കണ്ടെത്തിയതിനു ശേഷം ഇവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് യുപി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *