ദുരന്തമായി മാറിയ രാമനവമി ആഘോഷം : ക്ഷേത്രക്കിണറില്‍ വീണ് മരിച്ചവരുടെ എണ്ണം 35 ആയി

ദുരന്തമായി മാറിയ രാമനവമി ആഘോഷം : ക്ഷേത്രക്കിണറില്‍ വീണ് മരിച്ചവരുടെ എണ്ണം 35 ആയി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 35 ആയി. ഒരാളെ കാണാതായി. 14 പേരെ രക്ഷപ്പെടുത്തി. രണ്ടു പേര്‍ ചികിത്സയ്ക്കു ശേഷം സുരക്ഷിതരായി വീട്ടില്‍ മടങ്ങിയെത്തി. കാണാതായ ആള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ ടി.ഇളയരാജ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഇന്‍ഡോറിലെ ബലേശ്വര്‍ മഹാദേവ് ജൂലേലാല്‍ ക്ഷേത്രത്തിലെ കിണര്‍ ഇടിഞ്ഞു വീണത്. ആളുകളുടെ ഭാരം താങ്ങാനാവാതെയാണ് ക്ഷേത്രത്തിലെ ബവ്ഡി എന്നറിയപ്പെടുന്ന പുരാതനമായ കിണര്‍ തകര്‍ന്നുവീണത്. രാമനവമി ആയതിനാല്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ഒഴുകിയെത്തുകയായിരുന്നു. തിരക്ക് കൂടിയതോടെ മൂടിയിട്ട കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങി. ഇതോടെ കിണറ് മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

ഒരു സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുളളതാണ് ഈ ക്ഷേത്രം. ഇന്‍ഡോറിലെ സ്‌നേഹ് നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ കിണറിന്റെ മേല്‍ത്തട്ടില്‍ ധാരാളം ആളുകള്‍ കൂടിനില്‍ക്കുകയായിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചിരുന്നു. കിണറ്റില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍മി, എന്‍.ഡി.ആര്‍.എഫ്, എസ.്ഡി.ആര്‍.എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികള്‍ ആരാഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ദ്രുതഗതിയില്‍ നേതൃത്വം നല്‍കുന്നുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോര്‍ കലക്ടറോടും പ്രാദേശിക ഭരണകൂടത്തോടും നിര്‍ദേശിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *