ശ്രേഷ്ഠരായ എഴുത്തുകാര്‍ എന്നും ഓര്‍മ്മിക്കപ്പെടും: പി.എസ് ശ്രീധരന്‍പിള്ള

ശ്രേഷ്ഠരായ എഴുത്തുകാര്‍ എന്നും ഓര്‍മ്മിക്കപ്പെടും: പി.എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: കാലഘട്ടത്തിന്റെ മഹാപ്രവാഹത്തില്‍ ഭരണകൂടങ്ങള്‍ കുത്തി ഒലിച്ചുപോകും, എന്നാല്‍ ശ്രേഷ്ഠരായ എഴുത്തുകാര്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഗോവ ഗവര്‍ണ പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ഉപനിഷത്തുക്കള്‍ തര്‍ജമ ചെയ്തതിന്റെ പേരില്‍ ദാര ഷിക്കോവിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതും ചരിത്രത്തിന്റെ ഭാഗമാണന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച പുസ്തക പ്രകാശനവും അഭയ ദേവ് പുരസ്‌കാരവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിതാംബിക അന്തര്‍ജനം മുതല്‍ മലയാളത്തിലെ 21 എഴുത്തുകാരികളുടെ കഥകളുടെ ഹിന്ദി വിവര്‍ത്തനം ‘മലയാളം മഹിളാ മാനസ് കീ കഹാനിയാം ‘ എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി എഴുത്തുകാരന്‍ യു.കെ കുമാരന് നല്‍കിക്കൊണ്ട് പി.എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. വിവര്‍ത്തകര്‍ക്കായി ഭാഷാ സമന്വയവേദി നല്‍കിവരുന്ന അഭയദേവ് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാര ജേതാവ് വിജയന്‍ കോടഞ്ചേരിക്ക് വേണ്ടി ടി.എച്ച് വത്സരാജ് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ഭാഷാസമന്വയ വേദി പ്രസിഡന്റ് ഡോ.ആര്‍സു അധ്യക്ഷത വഹിച്ചു. യു.കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള സാഹിത്യത്തെ വിവര്‍ത്തനത്തിലൂടെ ഹിന്ദി വായനക്കാരിലെത്തിക്കുന്നതില്‍ ഭാഷാ സമന്വയ വേദി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ഷീന ഈപ്പന്‍, ഡോ.പി.കെ രാധാമണി, ഡോ.ഒ.വാസവന്‍, പി.ടി രാജലക്ഷ്മി, പി.ഐ. മീര എന്നിവര്‍ സംസാരിച്ചു. ഭാഷാ സമന്വയ വേദി അംഗങ്ങള്‍ വിവര്‍ത്തനം നിര്‍വ്വഹിച്ച പുസ്തകത്തിന്റെ എഡിറ്റര്‍ ഡോ.ആര്‍സുവും അസിസ്റ്റന്റ് എഡിറ്റര്‍ ഡോ. ഷീന ഈപ്പനുമാണ്. കാണ്‍പൂരില്‍ നിന്നുള്ള അമന്‍ പ്രകാശനാണ് പ്രസാധകര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *