മധു വധക്കേസ് വിധി ഏപ്രില്‍ 4 ന്; കോടതി വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് കുടുംബം

മധു വധക്കേസ് വിധി ഏപ്രില്‍ 4 ന്; കോടതി വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് കുടുംബം

പാലക്കാട് : ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് വിധി പറയുന്നത് കോടതി ഏപ്രില്‍ നാലിലേയ്ക്ക് മാറ്റി. മധുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ അമ്മയും സഹോദരിയും പറഞ്ഞു. മധുവിന് നീതി ലഭിക്കാന്‍ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് അധ്വാനിച്ചു, കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മധുവിന്റെ സഹോദരിയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. കോടതി കേസ് വിധി പറയാന്‍ ഏപ്രില്‍ നാലിലേക്ക് മാറ്റിയതില്‍ വിഷമമില്ല. വിധി പറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 24 പേര്‍ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികള്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മര്‍ദ്ദിക്കുകയായിരുന്നു .ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകളാണ്. തലയ്‌ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *