യു.പി.എ ഭരണകാലത്ത് മോദിയെ കുടുക്കാന്‍ സി.ബി.ഐ എനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി : അമിത് ഷാ

യു.പി.എ ഭരണകാലത്ത് മോദിയെ കുടുക്കാന്‍ സി.ബി.ഐ എനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി : അമിത് ഷാ

ന്യൂഡല്‍ഹി:  യു.പി.എ ഭരണകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കുടുക്കാന്‍ സി.ബി.ഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ കാലത്തുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ നരേന്ദ്രമോദിയെ കുടുക്കാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ബി.ജെ.പി ഒരു ബഹളവും നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ലോക്‌സഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം ഇതുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഒരു ചാനല്‍ പരിപാടിക്കിടെ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി മോദിയെ അധിക്ഷേപിച്ചു കൊണ്ട് മാത്രമല്ല സംസാരിക്കുന്നതെന്നും അദ്ദേഹം മോദി സമുദായത്തേയും ഒ.ബി.സി സമൂഹത്തേയും അധിക്ഷേപിക്കുന്ന വാക്കുകളാണ് പറഞ്ഞതെന്നും അമിത് ഷാ ആരോപിച്ചു. രാജ്യത്തെ നിയമത്തില്‍ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ പ്രശനമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അയോഗ്യതയെ സംബന്ധിച്ച വിധി യു.പി.എ ഭരണകാലത്ത് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതി ഒഴിയുന്നത് സംബന്ധിച്ച് എന്തിനാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും സുപ്രീംകോടതി വിധിയുള്ളപ്പോള്‍ എന്തിനാണ് പ്രത്യേക ആനുകൂല്യം നല്‍കുന്നതെന്നും അമിത് ഷാ ചോദിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *