കോഴിക്കോട്: ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് അമിതമായി വര്‍ധിപ്പിച്ചതിനും സര്‍വിസുകള്‍ ഗണ്യമായി വെട്ടിക്കുറച്ചതിനുമെതിരേ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന 20 ഓളം വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് വലിയ പ്രതിസന്ധിയാണ് പ്രവാസിമലയാളികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് വര്‍ധിപ്പിച്ച വിമാനയാത്രാ കൂലി പിന്‍വലിക്കുന്നതിനും നിര്‍ത്തലാക്കിയ സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട്, ജില്ലാ ജോ.സെക്രട്ടറി ഷംസീര്‍ കാവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പേരോത്ത് പ്രകാശന്, കെ. കെ ശങ്കരന്, ജില്ലാ കമ്മിറ്റി അംഗം ആസാദ് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ ട്രഷറര്‍ എം. സുരേന്ദ്രന് സ്വാഗതവും ജോ. സെക്രട്ടറി ഷിജിത്ത് ടി.പി നന്ദിയും പറഞ്ഞു.