ഭോപ്പാല്‍: നമീബിയയില്‍ നിന്ന് എത്തിച്ച സാഷ എന്ന ചീറ്റപ്പുലിയുടെ മരണത്തിനു പിന്നാലെ സന്തോഷകരമായ വാര്‍ത്തയാണ് കുനോ ദേശീയ പാര്‍ക്ക് അധികൃതര്‍ പുറത്തു വിടുന്നത്. പാര്‍ക്കിലെ പെണ് ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. സിയായ എന്ന് പേരുള്ള പെണ്‍ചീറ്റയാണ് പ്രസവിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു.ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെണ്‍ചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ പ്രൊജക്ട് അധികൃതര്‍ പറഞ്ഞു.
നേരത്തെ ആശയെന്ന പെണ്‍ചീറ്റ ഗര്‍ഭിണിയായിരുന്നെങ്കിലും പിന്നീട് ഗര്‍ഭമലസിയിരുന്നു. കഴിഞ്ഞ ദിവസം സാഷ എന്ന പെണ് ചീറ്റ ചത്തിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാര്‍ത്ത പുറത്തുവന്നത്.
സാഷയുടെ മരണ കാരണം മാനസിക സമ്മര്‍ദ്ദം കാരണമെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ചത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമിബിയയില്‍ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ. ആഫ്രിക്കയില്‍ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചു. സാഷയുടെ മരണം വന്യജീവി പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സാഷയുടെ ജീവന് രക്ഷിക്കാനായി മുഴുവന്‍ സമയവും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സാഷയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ചീറ്റകളെയും അള്‍ട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും.