ന്യൂഡല്‍ഹി: ലോക്‌സഭാ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരേ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. അപകീര്‍ത്തി കേസില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖ അഭിഭാഷകരെ നിയോഗിക്കാത്തതില്‍ അത്ഭുതം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പവന്‍ ഖേരയെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി അഭിഭാഷകരെത്തിയിട്ടും രാഹുലിനെതിരായ കേസില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നില്ല എന്നത് മന:പൂര്‍വമുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയാണോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
രാഹുലിനെ അയോഗ്യനാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനോ ലോക്സഭ സെക്രട്ടറിയേറ്റിനോ യാതൊരു പങ്കുമില്ലെന്നും അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിനെതിരായ നടപടിയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തേടിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തുന്ന ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. 30-ാം തീയതി വരെയാണ് രാജ്യവ്യാപക സത്യഗ്രഹം നടക്കുന്നത്. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങളും പരിപാടിയുടെ ഭാഗമായി നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം.