ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധം: ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും

ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധം: ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഇനി ലഭിക്കുവാന്‍ മസ്റ്ററിങ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. 2022 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുക.

നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. അവര്‍ക്ക് മസ്റ്ററിങ് അനുവദിച്ച കാലയളവ് വരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍, മസ്റ്റര്‍ ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല. മസ്റ്ററിങ് ചെയ്തവര്‍ക്ക് മാത്രമാണ് മസ്റ്ററിങ് കാലാവധിക്കു ശേഷമുള്ള പെന്‍ഷന്‍ ലഭിക്കുക. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശ്ശിക വരുന്ന പെന്‍ഷന്‍ തുക പണം അനുവദിക്കുമ്പോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളു.

മസ്റ്ററിങ് ചെയ്യാന്‍ അക്ഷയകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തുടര്‍ന്ന് അക്ഷയ കേന്ദ്രത്തിന്റെ പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്. വയോജനങ്ങള്‍, കിടപ്പുരോഗികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.

ആധാര്‍ ഇല്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലോ ക്ഷേമനിധി ബോര്‍ഡുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *