ന്യൂഡല്‍ഹി: നേപ്പാളിലേയ്ക്ക് കടന്ന വിഘടനവാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നാമതൊരു രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് തടയണമെന്ന ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി. നേപ്പാളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടുക്കൊണ്ട് കോണ്‍സുലര്‍ സേനാ വകുപ്പിന് ഇന്ത്യന്‍ എംബസി കത്തയച്ചതായി ‘കാഠ്മണ്ഡു’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അമൃതപാലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ചതായി നേപ്പാള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കമല്‍ പ്രസാദ് പാണ്ഡെ പറഞ്ഞു. വിഘടനവാദികളുടെ ഗ്രൂപ്പിലെ അംഗമായ അമൃതപാല്‍ സിങിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. നേപ്പാളിലേക്ക് കടന്ന സിങ് ഒളിവിലാണെന്നാണ് സംശയിക്കുന്നത്.
നേപ്പാളില്‍ നിന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടോ വ്യാജപാസ്പോര്‍ട്ടോ ഉപയോഗിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.ഹോട്ടലുകള്‍ മുതല്‍ വിമാനങ്ങളടക്കം എല്ലാ ഏജന്‍സികള്‍ക്കും അമൃത്പാലിനെ കുറിച്ചുള്ള വിവരം കൈമാറിയിട്ടുണ്ട്. വ്യത്യസ്ത ഐഡന്റിറ്റികളുള്ള ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ സിങിന്റെ കൈവശമുണ്ടെന്നും ഏജന്‍സി അറിയിച്ചു.