ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട രാഹുലിനെ പരമാവധി ക്ഷീണിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി അതിന്റെ ഭാഗമായാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ രാഹുല്‍ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു.
രാഹുലിനെ ഇല്ലാതാക്കാനും ഭീഷണിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഞാന്‍ അപലപിക്കുന്നു. എന്നാലിതൊരു മാര്‍ഗമല്ല. ചിലപ്പോള്‍ വീടില്ലാതെ മൂന്നോ നാലോ മാസമോ കഴിഞ്ഞേക്കാം. എനിക്ക് ആറുമാസം കഴിഞ്ഞാണ് വീട് ലഭിച്ചത്. മറ്റുള്ളവരെ ദ്രോഹിക്കാനാണ് ചിലര്‍ ഇതെല്ലാം ഉപയോഗിക്കുന്നത് ഖാര്‍ഗെ പറഞ്ഞു. വീടൊഴിഞ്ഞാല്‍ അവന്‍ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നല്‍കുമെന്നും ഖാര്‍ഗെ പറയുന്നു.
ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ നടപടിയെന്നോണമാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ടത്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 23 നാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.