ആകാശക്കൊള്ള: കേരള പ്രവാസിസംഘം പ്രക്ഷോഭത്തിലേക്ക്

ആകാശക്കൊള്ള: കേരള പ്രവാസിസംഘം പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: വിമാനയാത്രാനിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതിലും ഗള്‍ഫ് സെക്റ്ററിലേക്കുള്ള സര്‍വിസ് ഗണ്യമായി വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കും. കേരള പ്രവാസി സംഘം 29, 30 തിയതികളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് 29ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. അവധിക്കാലത്ത് ഗള്‍ഫ് സെക്ടറിലേക്കുള്ള ഷെഡ്യൂള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തതിലൂടെ ഈ മേഖലയിലെ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കയാണ് വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാരോട് വലിയ തോതിലുള്ള വിവേചനമാണ് വിമാന കമ്പനികള്‍ പുലര്‍ത്തുന്നത്. റംസാന്‍ കാലമായതിനാല്‍ പ്രവാസികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ വരുന്ന കാലമായതുകൊണ്ട് ടിക്കറ്റിന് വന്‍ തുക ഈടാക്കുകയാണ്. കൂടാതെ എയര്‍ ഇന്ത്യ യാതൊരു കാരണവുമില്ലാതെ ഗള്‍ഫിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കിയതിലും ശക്തമായ പ്രതിഷേധമുണ്ട്. 29ന് നടക്കുന്ന മാര്‍ച്ചില്‍ ജില്ലയിലെ 16 ഏരിയകളില്‍ നിന്നായി പ്രവാസിസംഘം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി സി.വി ഇഖ്ബാല്‍, പ്രസിഡന്റ് സജീവ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *