കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് ആണ് ഉത്തരവ്. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. 91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താല്‍ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിക്കുകയായിരുന്നു. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ രണ്ട് പേര്‍ മാത്രമായിരുന്നു അന്ന് സെനറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത നാല് വകുപ്പ് മേധാവികളേയും പുറത്താക്കുകയായിരുന്നു. അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. കേസില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അപ്പീല്‍ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.