ചാലക്കര പുരുഷു
മാഹി: വറ്റാത്ത പൊതുകിണറുകള്‍ മയ്യഴിയില്‍ അധികൃതരുടെ അവഗണന മൂലം ആര്‍ക്കും ഉപയോഗപ്പെടാതെ കിടക്കുന്നു. കുടിവെള്ളത്തിന് വേണ്ടി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍, വറ്റാത്ത കിണറുകള്‍ ഉണ്ടായിട്ടും അവ ഉപയോഗിക്കപ്പെടാതെ കാടുമൂടപ്പെട്ട് കിടക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഫ്രഞ്ച് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരിക്കലും വറ്റാത്ത ഒന്നര ഡസനോളം മുന്‍സിപ്പാലിറ്റിയുടെ കിണറുകളില്‍ മിക്കതും ഉപയോഗിക്കാതെ കാട്പിടിച്ച് കിടപ്പാണ്. ഇതിന് പുറമെ മയ്യഴി പൊതുമരാമത്ത് വകുപ്പിന്റെ അധിനതയില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡ് അതിര്‍ത്തിയിലും ചെമ്പ്ര കുയ്യാലിയിലും, ചാലക്കര രമാലയം, ഓറിയന്റല്‍ സ്‌കൂള്‍ പരിസരം, പന്തക്കല്‍ കിഴക്കേടത്ത് കോളനി എന്നിവിടങ്ങളിലൊക്കെ വേറെയും കിണറുകളുണ്ട്. അവിടങ്ങളിലൊക്കെ പമ്പ് ഹൗസുകളുമുണ്ട്. അവയെല്ലാം ഉപയോഗിക്കപ്പെടാതെ അനാഥമായി കിടപ്പാണ്. നിലവില്‍ പ്രതിവര്‍ഷം കോടികള്‍ കേരള സര്‍ക്കാരില്‍ നല്‍കിയാണ് അഞ്ചരക്കണ്ടി പദ്ധതിയില്‍ നിന്നും കുടിവെള്ളം മാഹിയിലെത്തിക്കുന്നത്.
മാഹി ടൗണിലെ ഏറ്റവും വലിയ പൊതുകിണര്‍ ഒമ്പത് മീറ്റര്‍ വ്യാസമുള്ള പോത്തിലോട്ട് കിണറാണ്. ഇതടക്കം ഉപയോഗിക്കാതെ കിടക്കുന്ന നിരവധി കിണറുകളാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളത്. കിണറുകള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനുള്ള പദ്ധതിക്ക് വേണ്ടി കമ്മ്യൂണിറ്റി വാട്ടര്‍ സപ്ലൈ ഏജന്‍സി മയ്യഴിയിലെ അധികൃതരെ സമീപിച്ചിരുന്നു. 25 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ഒരു കാന്‍ വെള്ളം ഏഴ് രൂപക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. പിന്നീട് കാനുകള്‍ റീഫില്‍ ചെയ്യുമ്പോള്‍ അഞ്ച് രൂപ മാത്രമേ നല്‍കേണ്ടതുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍ 20 രൂപ നല്‍കണം. പുതുച്ചേരിയില്‍ ഇത്തരം ഏജന്‍സികള്‍ക്ക് പണം നല്‍കിയാണ് സര്‍ക്കാര്‍ വെള്ളം സംഭരിക്കുന്നത്. എന്നാല്‍ മയ്യഴിയില്‍ സര്‍ക്കാരിലേക്ക് പണം നല്‍കാന്‍ സന്നദ്ധമായിട്ടും അനുമതി നല്‍കിയില്ലെന്ന് മാത്രമല്ല പൊതുകിണറുകളത്രയും കാടുകയറി നാശോന്‍മുഖമായി തീര്‍ന്നിരിക്കുകയുമാണ്.