ന്യൂഡല്‍ഹി : നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന വിധിക്കെതിരേ നല്‍കിയ പുന പരിശോധന ഹര്‍ജിയില്‍ മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെന്ന ഒറ്റക്കാരണത്താല്‍ യു.എ.പി. എ ചുമത്താന്‍ ആകില്ലെന്ന മുന്‍ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാമെന്ന യു.എ.പി.എ നിയമത്തിലെ 10(a)(i) വകുപ്പ് ഭരണഘടനയുടെ 19 (1)(a),19(2) എന്നീ വകുപ്പുകളുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്ക് എതിരേ മാത്രമേ പ്രോസിക്യൂഷന്‍ നടപടികള്‍ പാടുള്ളൂവെന്നും അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നുമാണ് 2011 ല്‍ സുപ്രീംകോടതി വിധിച്ചത്. ഈ വിധിക്കെതിരേ കേന്ദ്രം നല്‍കിയ പുന പരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.