അമൃത്പാലിന് ഹരിയാനയില്‍ അഭയം നല്‍കിയ സ്ത്രീ അറസ്റ്റില്‍

അമൃത്പാലിന് ഹരിയാനയില്‍ അഭയം നല്‍കിയ സ്ത്രീ അറസ്റ്റില്‍

ഹരിയാന:  പഞ്ചാബ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട അമൃതപാലിനും സഹായിക്കും ഹരിയാനയില്‍ അഭയം നല്‍കിയ സ്ത്രീ അറസ്റ്റില്‍. വെള്ളിയാഴ്ച പഞ്ചാബില്‍ നിന്ന് രക്ഷപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദില്‍ എത്തിയ അമൃത്പാലിനും സഹായി പപല്‍പ്രീത് സിങിനും അഭയം നല്‍കിയ ബല്‍ജിത് കൗര്‍ എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെത്തിയ അമൃത്പാല്‍ ഞായറാഴ്ചയാണ് ബല്‍ജിത് കൗറിന്റെ വീട്ടില്‍ തങ്ങിയത്. ഈ സ്ത്രീക്ക് അമൃത്പാലിന്റെ സഹായി പപല്‍പ്രീത് സിങുമായി രണ്ട് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്ന് പോലീസ് പറഞ്ഞു.

ബല്‍ജിത് കൗറിന്റെ സഹോദരനാണ് അമൃത്പാലിനെ താമസിപ്പിക്കുന്നുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. ബല്‍ജിത് കൗറിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേയ്ക്ക് അമൃത്പാല്‍ വരുമ്പോള്‍ കൂടെയൊരാള്‍ കൂടി ഉണ്ടായിരുന്നതായും സ്‌കൂട്ടറിലാണ് അവര്‍ വന്നതെന്നും യുവതി പറഞ്ഞു. മീശ വെട്ടി,വസ്ത്രം മാറി തലയില്‍ തൊപ്പിയൊക്കെ ധരിച്ചാണ് അമൃത്പാല്‍ എത്തിയതെന്ന് യുവതി പോലീസിനെ അറിയിച്ചു. ഷഹബാദില്‍ യുവതിയുടെ വീട്ടില്‍ അമൃത്പാല്‍ രണ്ട് ഗിവസം താമസിച്ചിരുന്നതായി യുവതിയെ ചോദ്യം ചെയ്തതില്‍നിന്ന മനസ്സിലായതായി പോലീസ് പറയുന്നു. യുവതിയെ പഞ്ചാബ് പോലീസിന് കൈമാറി.

എന്നാല്‍ അമൃത്പാല്‍ പഞ്ചാബില്‍ നിന്ന് എങ്ങനെ കടന്നു എന്നതില്‍ പോലീസിന് വ്യക്തതയില്ല. ജലന്ധറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഷഹബാദ്. മാര്‍ച്ച 18 ന് ലുധിയാനയില്‍ നിന്ന് ഓട്ടോ പിടിച്ച് പോകുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 20 ആയതോടെ പഞ്ചാബ് വിട്ട് അമൃത്പാല്‍ എങ്ങനെ ഹരിയാനയിലെത്തി എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *