കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതു ഭരണ കാലത്ത് നേതാക്കളുടെ ബന്ധുക്കള്‍ കൂട്ടത്തോടെ അനധികൃത നിയമനം നേടിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അനധികൃത നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം നേതാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പ്രൈമറി, സെക്കന്ററി സ്‌കൂളുകളില്‍ അധ്യാപകരായി സര്‍ക്കാര്‍ ജോലി നേടിയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇടതു ഭരണ കാലത്ത് അധ്യാപകരായി ജോലി ലഭിച്ച സി.പി.എം നേതാക്കളുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സി.പി.എം നേതാവ് സുജന്‍ ചക്രവര്‍ത്തിയുടെ ഭാര്യയ്ക്ക് ദക്ഷിണ കൊല്‍ക്കത്തയിലെ ഗിനബന്ധു ആന്‍ഡ്രൂസ് കോളജില്‍ അനധികൃതമായി ജോലി ലഭിച്ചെന്നും ഇതൊരു ചെറിയ ഉദാഹരണം മാത്രമാണെന്നും ഘോഷ് ചൂണ്ടിക്കാട്ടി.
34 വര്‍ഷം ജോലി ചെയ്ത ഇവര്‍ വിരമിക്കുമ്പോല്‍ 55,000 രൂപയായിരുന്നു അടിസ്ഥാന ശമ്പളമെന്ന് തൃണമൂല്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമന കുംഭകോണത്തിന് തൃണമൂല്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ജയിലിലാണ്. മറ്റ് ചില തൃണമൂല്‍ നേതാക്കളും ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് സി.പി.എം നേതാക്കളുടെ ബന്ധു നിയമനം തൃണമൂല്‍ ആയുധമാക്കുന്നത്. പാര്‍ഥ ചാറ്റര്‍ജി കോടതിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ നിയമനത്തിനായി നിരവധി സി.പി.എം,ബി.ജെ,പി നേതാക്കള്‍ ആനുകൂല്യം ചോദിച്ചതായി മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആരോപിച്ചിരുന്നു. ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും കോക്‌സബാംഗവുമായ ദിലീപ് ഘോഷ്, സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ നിയമസഭാ കക്ഷി നേതാവുമായ സുജന്‍ ചക്രവര്‍ത്തി എന്നിവരെ അദ്ദേഹം പരത്യേകം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ ആരോപണങ്ങളെ തൃണമൂല്‍ പിന്തുണയ്ക്കുന്നില്ലെന്നും എങ്കിലും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ പ്രതിയെന്ന നിലയില്‍ അദ്ദേഹം പരാമര്‍ശിച്ചവരെ ചോദ്യം ചെയ്യണമെന്നും കുനാല്‍ ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.