കൊച്ചിയില്‍ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വേണം: ഹൈക്കോടതി

കൊച്ചിയില്‍ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വേണം: ഹൈക്കോടതി

കൊച്ചി: കൊച്ചിയുടെ വികസനത്തിനായി മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. കേരളത്തിനുള്ള മുന്നറിയിപ്പാണ് ബ്രഹ്‌മപുരം തീപിടിത്തമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ഉടന്‍, ഹ്രസ്വ, ദീര്‍ഘകാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും.
ഭാവിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്‌കരണ സൗകര്യം രൂപകല്‍പ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ, ഖരമാലിന്യ സംസ്‌കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ നല്‍കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിക്കും.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി. വിനു, എസ്. വിഷ്ണു, പൂജ മേനോന്‍ എന്നിവരെ നിയമിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *