പുഷ്പനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ചികിത്സക്കായി കോഴിക്കോട്ട് നിന്ന് വിദഗ്ധ മെഡിക്കല്‍സംഘം സഹകരണ ആശുപത്രിയിലെത്തി

പുഷ്പനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ചികിത്സക്കായി കോഴിക്കോട്ട് നിന്ന് വിദഗ്ധ മെഡിക്കല്‍സംഘം സഹകരണ ആശുപത്രിയിലെത്തി

തലശ്ശേരി: തലശ്ശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയില്‍ ചികിത്സയിലുള്ള പുഷ്പനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. ജി.രാജേഷ്, അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. കെ.ആര്‍.രാധ, അനസ്‌തേഷ്യ വിഭാഗം ഡോ. ഫിജുല്‍, ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. കെ.ഇ അബ്ദുള്‍ മജീദ്, ഇ.എന്‍.ടി പ്രൊഫെസ്സര്‍ ഡോ.പി വാസുദേവന്‍, ഗ്യാസ്ട്രോ എന്റോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിതാര, യൂറോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബീഷ് പാറോല്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം പുഷ്പനെ പരിശോധിക്കാന്‍ എത്തിയത്. പുഷ്പനെ ചികിത്സിക്കുന്ന സഹകരണ ആശുപത്രി ജനറല്‍ സര്‍ജറി വിഭാഗം ഡോ.സുധാകരന്‍ കോമത്ത്, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. എ. ദേവാനന്ദ്, ഹൃദ്രോഗ വിഭാഗം ഡോ. ശ്രീജിത്ത് വളപ്പില്‍, അനസ്‌തേഷ്യ വിഭാഗം ഡോ.ഷീല, റേഡിയോളജി വിഭാഗം ഡോ. ശ്യാം മോഹന്‍, ഇ.എന്‍.ടി വിഭാഗം ഡോ. പി.എം.മാനോജന്‍, ഗ്യാസ്ട്രോഎന്റോളജി വിഭാഗം ഡോ,സന്ദീപ് നാരായണന്‍, ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജീവ് നമ്പ്യാര്‍ തുടങ്ങിയവരുമായി കോഴിക്കോട്ടെ സംഘം കൂടിയാലോചനകള്‍ നടത്തി.

മൂത്രത്തിലെ പഴുപ്പും, ചെവിയിലെ ബാലന്‍സ് നിയന്ത്രിക്കുന്ന അവയവത്തിന്റെ പ്രവര്‍ത്തന വൈകല്യം കൊണ്ട് ഉണ്ടാകുന്ന തലകറക്കവുമാണ് പുഷ്പന്റെ ഇപ്പോഴത്തെ ആശുപത്രി വാസത്തിന് കാരണം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ നല്‍കി വരുന്നുണ്ട്. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സി.ടി സ്‌കാനില്‍ കാര്യമായ തകരാറുകള്‍ ഇല്ല. പരിശോധയില്‍ രക്തക്കുറവ് കണ്ടെത്തിയതിനാല്‍ ഒരുകുപ്പി രക്തം നല്‍കിയിരുന്നു. രോഗിയുടെ ആരോഗ്യനില പൊതുവേ തൃപ്തികരമാണ്. തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ ലഭിക്കുന്ന ചികിത്സയില്‍ മെഡിക്കല്‍ ടീം പൂര്‍ണ്ണ തൃപ്ത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും ചില പരിശോധനകളും ചികിത്സകളും മെഡിക്കല്‍ ടീം നിര്‍ദേശിച്ചിട്ടുണ്ട്. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മെഡിക്കല്‍ ടീം അറിയിച്ചു. ഇതിനിടെ പുഷ്പനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഏറെ നേരം ആശുപത്രിയില്‍ ചെലവഴിച്ച മുഖ്യമന്ത്രി ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞാണ് മടങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *