തിരുവനന്തപുരം: കെ.പി.സി.സിയുടെ പുനഃസംഘടനയ്ക്കായി ഏഴംഗ ഉപസമിതി രൂപീകരിച്ചു. ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായാണ് സമിതിയെ രൂപീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ. ടി. സിദ്ധിക്ക് എം.എല്‍എ, കെ.സി ജോസഫ് (മുന്‍ എം.എല്‍എ), എ.പി അനില്‍ കുമാര്‍ എം.എല്‍.എ, ജോസഫ് വാഴക്കന് (മുന്‍ എം.എല്‍എ), അഡ്വ. കെ. ജയന്ത്, അഡ്വ. എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
പുനഃസംഘടനാ സമിതി ജില്ലകളില്‍ നിന്ന് കെ.പി.സി.സിക്ക് കൈമാറിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റില്‍ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെ.പി.സി.സിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്ത് ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെ.പി.സി.സിക്ക് കൈമാറാന്‍ ഉപസമിതിക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നിര്‍ദേശം നല്കി. ഇതോടെ കെ.പി.സി.സി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനഃസംഘടന പ്രക്രിയയുമായി കെ.പി.സി.സി മുന്നോട്ട് പോയതെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് പറഞ്ഞു.