ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകള്‍ പിടിച്ചെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. 44 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരുന്നത്. ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിലേക്ക് എത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. പോസ്റ്ററുകള്‍ എഎപി ആസ്ഥാനത്ത് എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. 50,000 പോസ്റ്ററുകള്‍ അച്ചടിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചതായി അറസ്റ്റിലായ പ്രിന്റിങ് പ്രസ് ഉടമകള്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഇതുവരേയും തയ്യാറായിട്ടില്ല.
അതേസമയം, ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി ബജറ്റ് ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി കെജ്രിവാള്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് വിവരം. ബജറ്റ് അവതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും മാറ്റി വെച്ച തുകയില്‍ വിശദീകരണം തേടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ഇതില്‍ ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.