റഹ്‌മത്തുല്ല സഖാഫി എളമരം യു.എ.ഇ പ്രസിഡന്റിന്റെ റമളാന്‍ അതിഥി

റഹ്‌മത്തുല്ല സഖാഫി എളമരം യു.എ.ഇ പ്രസിഡന്റിന്റെ റമളാന്‍ അതിഥി

കോഴിക്കോട്: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഈ വര്‍ഷത്തെ റമളാന്‍ അതിഥിയായി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും മര്‍കസ് അസോസിയേറ്റ് പ്രൊഫസറുമായ റഹ്‌മത്തുല്ല സഖാഫി എളമരം ഇന്ന് അബൂദാബിയിലെത്തും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളായ പണ്ഡിതര്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് റഹ്‌മത്തുല്ല സഖാഫി യു.എ.ഇയിലെത്തുന്നത്.

ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ പള്ളികളിലും കണ്‍വെന്‍ഷന്‍ സെന്ററുകളിലുമായി 31 കേന്ദ്രങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തും. സമകാലിക വിഷയങ്ങളില്‍ അവസരോചിതമായി മതനിലപാടുകള്‍ പറഞ്ഞും പ്രഭാഷണരംഗത്ത് സജീവ സാന്നിധ്യമായും ശ്രദ്ധേയമായ റഹ്‌മത്തുല്ല സഖാഫിയുടെ സദസ്സുകളില്‍ പങ്കെടുക്കാന്‍ യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രഭാഷണ പരിപാടികളുടെ വിജയത്തിനായി വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. എടവണ്ണപ്പാറ ദാറുല്‍ അമാന്‍ അക്കാദമിയുടെ ജനറല്‍ സെക്രട്ടറിയും ജലാലിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റായും ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ സെക്രട്ടേറിയറ്റ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയ പണ്ഡിതരും മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസിഡന്റിന്റെ അതിഥിയായി എത്തിയിട്ടുണ്ട്.

വികസന കാര്യങ്ങളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വിദേശീയരുടെ മത, സാംസ്‌കാരിക, ആത്മീയ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തുകയും മറ്റു രാജ്യങ്ങളുമായുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്ന യു.എ.ഇ യുടെ നിലപാട് വളരെ ശ്ലാഘനീയവും പ്രശംസനീയവുമാണ്. അത്തരമൊരു രാജ്യത്ത് വിശുദ്ധ റമളാനില്‍ പ്രസിഡന്റിന്റെ അതിഥിയായെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും റഹ്‌മത്തുല്ല സഖാഫി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *