കാട്ടുതീയും കൊടുങ്കാറ്റും വെള്ളപ്പൊക്കവുമൊക്കെ അതിന്റെ ഭാഗം
തിരുവനന്തപുരം: ലോകമാകെ ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ കെടുതികളും അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടിലും ഈ ഫലങ്ങളെല്ലാം അനുഭവിക്കേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാപകമായ കാട്ടുതീ, കൊടുങ്കാറ്റ്, വരള്‍ച്ച, അതിവര്‍ഷം, വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം അതിന്റെ പരിണിത ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനെ ഫലപ്രദമായി നേരിടാനും അതിജീവിക്കാനുമുളള നടപടികള്‍ക്കാണ് നാം തുടക്കം കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര വന ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വര്‍ഷം ശരാശരി ഒരു കോടി ഹെക്ടര്‍ വനമേഖല നശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. വനനശീകരണം തുടരുന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 1990 ന് ശേഷം മാത്രം 42 കോടി ഹെക്ടര്‍ വനം നഷ്ടപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മനുഷ്യ ഇടപെടല്‍ തുടങ്ങിയവയെല്ലാം കാടിനെ ചെറുതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ വനവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് സംരക്ഷിത വനങ്ങള്‍ക്കൊപ്പം ഇതര വനങ്ങളും ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. എല്ലാവരുടെയും കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ അത് സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.