തലശ്ശേരി: ടൂറിസം, കൃഷി, തൊഴില്‍ സംരംഭങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കമുള്ള നഗരസഭയുടെ പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്മാന് വാഴയില്‍ ശശിയാണ് ബജറ്റ് അവതരിപ്പിച്ചത്. 78,74,59,353 രൂപ വരവും 71,86,96,000 പ്രതീക്ഷിത ചിലവും 6,87,63,353 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ് നിര്‍ദേശം. ചെയര്‍പേഴ്സണ്‍ ജമുനാ റാണി അധ്യക്ഷത വഹിച്ചു. പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിന് 10 കോടി വകയിരുത്തിയിട്ടുണ്ട്. അമൃത് പദ്ധതിയില്‍പ്പെടുത്തി നഗരസഭയിലെ 5250 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് നല്കാന് 26,494 കോടി, പെരിങ്കളത്ത് ടൗണ്‍ഷിപ്പിനായുള്ള പ്രാരംഭ ചിലവിലേക്ക് 1 കോടി, നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ലൈബ്രറികളില്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബ് സ്ഥാപിക്കാന്‍ 25 ലക്ഷം, ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ ശാസ്ത്രിയ രീതിയില്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ 5 ലക്ഷം, എന്നിവയാണ് പ്രധാനമായി വകയിരുത്തിയത്.
കുടിവെള്ളം ഇല്ലാത്ത അങ്കണവാടികള്‍ക്ക് വാട്ടര്‍ കണക്ഷന് ലഭ്യമാക്കല്‍, നഗരസഭ പരിധിയിലെ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യോഗ, കരാട്ടെ പരിശീലനം, ഷീലോഡ്ജ് പ്രവര്‍ത്തനം ത്വരിതപ്പെടുത്തല്‍, ജനറല്‍ ആശുപത്രിയില്‍ ധോബിയൂണിറ്റ്: വാഷിംഗ് മെഷിന് വാങ്ങും, നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ക്ലോത്ത്, ബാഗ് വെന്റിംഗ് മിഷ്യന് സ്ഥാപിക്കും, പൊതുസ്ഥലങ്ങളില്‍ ശുചിത്വ – ബോധവല്‍ക്കരണ ചുമര്‍ചിത്രങ്ങള്‍ തയ്യാറാക്കല്‍, നഗര പ്രദേശത്ത് പുതുതായി മൂന്ന് ടേക്ക് എ ബ്രെയിക്ക് ടോയ്ലറ്റ് സംവിധാനം ഒരുക്കും, നഗര നിരീക്ഷണത്തിനായി (ലഹരി വിമുക്തമാക്കല്‍, മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തല്‍) ഡ്രോണ്‍ വാങ്ങും. ഇതിനായി ലോക ബാങ്കിന്റേയും, പോലിസിന്റേയും സഹായം തേടും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പാര്‍ക്കിംഗ് പ്രയാസമുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും, പ്രധാന ജംഗ്ഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.