ന്യൂഡല്‍ഹി : മുദ്ര വച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് ജുഡീഷ്യല്‍ നടപടികളുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അറ്റോര്‍ണി ജനറല്‍ മുദ്ര വച്ച കവറില്‍ പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിലപാട് വ്യക്തമാക്കിയത്. മുദ്ര വച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് അവസാനിപ്പിക്കാന്‍ നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ കൈമാറിയ മുദ്ര വച്ച കവര്‍ സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
പെന്‍ഷന്‍ ഒറ്റ ഗഡുവായി വിതരണം ചെയ്യാന്‍ പണം ഇല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഗഡുക്കളായി അടുത്ത വര്‍ഷം ഫെബ്രുവരി 28 നകം കുടിശിക വിതരണം ചെയ്യാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നല്‍കി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ ലഭിച്ചവര്‍ക്കും, കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഏപ്രില്‍ 30 നകം ഒറ്റ ഗഡുവായി പെന്‍ഷന്‍ നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.