തലശ്ശേരി: മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്കുള്ള സഹായങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിനായി കണ്ണൂര്‍ ഡിസ്ട്രിക് ക്യാന്‍സര്‍ കണ്ട്രോള് കണ്‍സോര്‍ഷ്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേഷ്യന്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ വാര്‍ഷികാഘോഷം തലശ്ശേരി സബ്കലക്ടര്‍ സന്ദീപ് കുമാര്‍ ഐ.എ.എസ് നിര്‍വഹിച്ചു. ക്യാന്‍സറിനെ അതിജീവിച്ചവരുടെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അത് പുതുതായി ചികിത്സ തേടുന്നവര്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തലശ്ശേരി എ.എസ്.പി അരുണ്‍ കെ.പവിത്രന് മുഖ്യാതിഥിയായിരുന്നു.
പുതുതലമുറയില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചടങ്ങില്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് നാരായണന് പുതുക്കുടി അധ്യക്ഷത വഹിച്ചു. എം.സി.സി ഡയരക്ടര്‍ ഡോ. സതീശന് ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി. എം.സി.സി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഹോസ്പിറ്റല്‍ അഡ്മിനസ്ട്രേറ്റര്‍ ടി.അനിത, പി.കെ സുരേഷ്, അഡ്വ. വി.ടി ഷീല, കെ.എം ചന്ദ്രന്, യു.ചന്ദ്രി, ഷീല സുരേഷ്, സി.പി അനിത, ഉമ്മര്‍ കൂട്ടുമ്മുഖം സംസാരിച്ചു. ഒരു വര്‍ഷമായി ഹെല്പ് ഡെസ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന വളന്റിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. നഴ്സിംഗ് വിദ്യാര്‍ഥികള്‍, കണ്‍സോര്‍ഷ്യം മെമ്പര്‍മാര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കണ്‍സോര്‍ഷ്യം സെക്രട്ടറി മേജര്‍ പി.ഗോവിന്ദന് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു.