എറണാകുളം: കൂടത്തായി കേസില്‍ രഹസ്യവിചാരണക്ക് പകരം തുറന്ന കോടതയില്‍ പരസ്യവിചാരണ വേണമെന്ന ജോളിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസില്‍ രഹസ്യവിചാരണയാണ് വിചാരണ കോടതി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് പുറമേ കൊലപാതക കേസില്‍ രഹസ്യവിചാരണ നടത്താന്‍ നിയമപ്രകാരം കഴിയുമെന്നും, സാക്ഷികള്‍ക്ക് ഭയം കൂടാതെ കോടതിയില്‍ എത്തി സത്യം ബോധിപ്പിക്കാന്‍ ഇത് അവസരം ഒരുക്കുമെന്ന് സര്‍ക്കാരും നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
പീഡന- ഭീകരവാദ കേസുകളിലാണ് രഹസ്യവിചാരണ നടത്തുകയെന്നും, തന്റേത് അത്തരമൊരു കേസല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. തന്റേത് കൊലപാതക കേസ് ആണ്. അതിനാല്‍ രഹസ്യവിചാരണ ആവശ്യമില്ല. തുറന്ന കോടതിയില്‍ പരസ്യവിചാരണവേണമെന്നും ജോളി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.