ബംഗളൂരു: വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ചു രംഗത്തുവരണമെന്നും പരസ്പരം അകന്നുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്‍കൈ എടുക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ബംഗളൂരു ഗാന്ധിഭവനില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ, സാമൂഹ്യസംഘടനകളുമായി ചേര്‍ന്നു സംഘടിപ്പിച്ച മത-സാഹോദര്യ സമ്മേളനത്തില്‍ പ്രസംഗിക്കയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.
ഡല്‍ഹിയില്‍ ജി.20 യോഗത്തില്‍ സ്വസ്തിക് ചിഹ്നം പുഷ്പങ്ങളാല്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഫാസിസം നടപ്പാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ഇനിയുള്ള തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ. പിക്ക് എതിരേ യോജിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ മുന്‍ എം.പി ഡി.പി യാദവ് അധ്യക്ഷത വഹിച്ചു. സ്വരാജ് അഭയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ഗൗഡ, മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ ദേവസഹായം, മുന്‍മന്ത്രി ലളിത നായക്, ഡോക്ടര്‍ സന്ദീപ് പാണ്ഡേ, സോഷ്യലിസ്റ്റ് പാര്‍ട്ടി കര്‍ണാടക പ്രസിഡന്റ് മൈക്കള്‍ ഫെര്‍ണാണ്ടസ്, പ്രൊഫ.ശ്യാം ഗംഭീര്‍, മോഹന്‍ കൊണ്ടാജി എം.എല്‍. സി, ശശികാന്ത് ഷെന്തില്‍, മനോജ് ടി.സാരംഗ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഹാഷ്മി തിയേറ്റര്‍ അവതരിപ്പിച്ച തെരുവുനാടകവും നാടന്‍ പാട്ടുകളും അരങ്ങേറി.