അമൃത്സര്‍ : വാരിസ് പഞ്ചാബ് ദേ സംഘടനാത്തലവന്‍ അമൃത്പാല്‍ സിങ്ങിന് ചാവേര്‍ സംഘമുള്ളതായി രഹസ്യാന്വേഷണസംഘങ്ങള്‍ക്ക് വിവരം ലഭിച്ചു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെ. ടി. എഫ്) ന് സമാനമായി ആനന്ദ്പൂര്‍ ഖല്‍സ് ഫോഴ്‌സ് (എ. കെ. എഫ്) എന്ന പേരില്‍ സ്വന്തം സൈന്യത്തെ രൂപവത്കരിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ഭാഗമായി മനുഷ്യബോംബ് സ്‌ക്വാഡുകളെ അമൃത്പാല്‍ തയ്യാറാക്കിയിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നു.
ദുബായിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമൃത്പാല്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ. എസ്. ഐ ഏജന്റായാണ് യു. എ. ഇ യില്‍ താമസിച്ചിരുന്നത്. ഖലിസ്ഥാന്റെ പേരില്‍ സിഖ് യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളും മറ്റും നല്‍കിയിരുന്നത് ഐ. എസ്. ഐ ആയിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ അമൃത്പാല്‍ ‘ഖാദ്കൂസ്’ എന്ന പേരില്‍ യുവാക്കളെ ചാവേറുകളായി മാറ്റുന്നതില്‍ പരിശീലനം നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദിയായ അമൃത്പാലിനെ പിടികൂടാനുള്ള പഞ്ചാബ് പോലീസിന്റെ നീക്കം മൂന്നാംദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ണായക സൂചനകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ആയുധങ്ങള്‍ ശേഖരിക്കുന്നതിനും ചാവേറുകളെ സജ്ജമാക്കുന്നതിനും വേണ്ടി ഗുരുദ്വാരകളും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങളും ഉപയോഗിക്കുന്നെന്ന സൂചന ലഭിച്ചതോടെ കനത്ത ജാഗ്രതയോടെയാണ് പോലീസും സുരക്ഷാ ഏജന്‍സികളുടേയും നീക്കം.