സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ പരിപാടിക്കിടെ വന്‍മോഷണം: മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ പരിപാടിക്കിടെ വന്‍മോഷണം: മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

മുംബൈ : സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ധീരേന്ദ്ര കൃഷ്ണശാസ്ത്രിയുടെ പരിപാടിയില്‍ വന്‍ മോഷണം നടന്നതായി പരാതി. പരിപാടിയില്‍ പങ്കെടുത്ത മുപ്പത്തിയാറ് അനുയായികളുടെ സ്വര്‍ണമാല അടക്കമുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചു. മിറ ഗ്രൗണ്ടിലെ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച തുടങ്ങിയ പരിപാടിയിലാണ് സംഭവം. വലിയ വില പിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിക്കാര്‍ നല്‍കിയ വിവരങ്ങളനുസരിച്ച് പോലീസ് പറഞ്ഞു.

രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. ജനബാഹുല്യം കണക്കിലെടുത്ത് പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സുനിത ഗൗളി എന്ന യുവതി അവരുടെ അനുഭവം പോലീസിനോട് പങ്കു വെച്ചു. അവരുടെ രണ്ട് വയസ്സായ മകള്‍ കുറേ നാളായി രോഗാവസ്ഥയിലാണ്. പലരുടെയും രോഗം ശമിപ്പിക്കുന്നതടക്കമുള്ള ശാസ്ത്രികളുടെ അത്ഭുതസിദ്ധികളുടെ വീഡിയോ മൊബൈലില്‍ കണ്ടതോടെയാണ് സുനിത പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് .എന്നാല്‍ പവിത്രമായി കണക്കാക്കുന്ന താലിമാല പരിപാടിക്കിടെ കവര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. സ്വര്‍ണമാല കവര്‍ച്ച ചെയ്യപ്പെട്ടതായും ഇരിക്കാന്‍ പോലും സ്ഥലമില്ലാത്ത വിധം തിരക്കായിരുന്നുവെന്നും മറ്റൊരു യുവതിയും പരാതിപ്പെട്ടു.നിരവധി യുവതികളാണ് ഇത്തരത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഷണ പരാതിയില്‍ സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനു പിന്നാലെ ശാസ്ത്രിയുടെ പരിപാടിക്കെതിരേ അന്ധവിശ്വാസ വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി. ശാസ്ത്രിയുടെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് അവര്‍ പോലീസിന് മെമ്മോറാണ്ടം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *