ബാബു പറശ്ശേരിക്ക് സ്‌നേഹസ്പർശത്തിന്റെ യാത്രയയപ്പ്

കോഴിക്കോട് : ജില്ലാപഞ്ചായത്ത് സ്‌നേഹസ്പർശം പദ്ധതിയുടെ ചെയർമാനായിരുന്ന ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിക്ക് യാത്രയയപ്പ് നൽകി. 2015 നവംമ്പർ 19 ന് ചെയർമാനായി ചുമതലയേറ്റ അദ്ദേഹം സ്‌നേഹസ്പർശം പദ്ധതിയെ കൂടുതൽ വിപുലീകരിച്ചു. 2012ൽ തുടങ്ങിയ പദ്ധതി പൊതുജനങ്ങളിൽനിന്നും സംഭാവന സ്വീകരിച്ചായിരുന്നു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ബാബു പറശ്ശേരിയുടെ നേതൃത്വത്തിൽ സാമ്പത്തിക ഞരുക്കത്തിലായിരുന്ന സ്‌നേഹസ്പർശത്തെ 2016ൽ ജില്ലയിലാകെ വിഭവസമാഹരണം നടത്തി ആറരക്കോടിയോളം സമാഹരിച്ച് ഭദ്രമാക്കി. എന്നാൽ ഗുണഭോക്താക്കളുടെ വർദനവിൽ സ്‌നേഹസ്പർശത്തിനു സുസ്ഥിരത വേണമെങ്കിൽ തുടർച്ചയായ ധനസമാഹരണം ഫലം ചെയ്യില്ല എന്ന് മനസിലാക്കി സ്‌നേഹസ്പർശത്തെ സർക്കാർ ശ്രദ്ധയിൽ പെടുത്തി, അനുമതി വാങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിഹിതം സ്വരൂപിച്ച് സ്ഥിരമായ സാമ്പത്തിക അടിത്തറ ഈ പദ്ധതിക്ക് വേണ്ടി നേടിയെടുത്തു. ജനങ്ങളിൽ പണമില്ലാത്ത ഈ കൊറോണക്കാലത്തും യാതൊരു തടസവും കൂടാതെ ഗുണഭോക്താക്കൾക്ക് തുടർസഹായങ്ങളെത്തിക്കാൻ അദ്ദേഹത്തിന്റെ ഈ ദീർഘവീക്ഷണത്തിനു കഴിഞ്ഞു. വർഷത്തിൽ നാലുകോടിയോളം ധനസഹായം നൽകുന്ന സ്‌നേഹസ്പർശത്തിൽ 2017-18 മുതൽ സർക്കാർ അനുമതിയോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു വിഹിതം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡയാലിസിസിനുള്ള ധനസഹായം വർദ്ധിപ്പിച്ചതും വൃക്കമാറ്റിവെച്ചവർക്കുള്ള സഹായധനം വർദ്ധിപ്പിച്ച് മരുന്നുകളുടെ ലിസ്റ്റ് വിപുലീകരിച്ചതും ഈ പദ്ധതിയിലേക്ക് കരൾ മാറ്റിവെച്ചവരെ ഉൾപ്പെടുത്തിയതും ബാബു പറശ്ശേരിയുടെ കാലത്തായിരുന്നു. കൂടാതെ ആദ്യത്തെ പ്രളയത്തിൽ ബുദ്ധിമുട്ടിയ വയനാട്ടിലെ വൃക്കരോഗികൾക്ക് പത്ത്‌ലക്ഷത്തോളം വിലവരുന്ന മരുന്നുകളും ഡയാലിസിസ് ഉപകരണങ്ങളും സമാഹരിച്ചുനൽകി. കോറോണ ലോക്ക്ഡൗൺ കാലത്ത് വൃക്ക, കരൾ മാറ്റിവെച്ചവർക്ക് രണ്ട് മാസത്തെ മരുന്നുകൾ ഒന്നിച്ച് നൽകിയതും ഇപ്പോൾ അത് വീടുകളിൽ എത്തിച്ചുസഹായിക്കാനുള്ള നിർദ്ദേശം നൽകിയതും ബാബു പറശ്ശേരിയുടെ പ്രത്യേക ശ്രദ്ധയെ തുടർന്നാണ്. അഗതികളായ എച്.ഐ.വി ബാധിതരെ താമസിപ്പിക്കുന്നതിനുള്ള കെയർസെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്‌നേഹസ്പർശവുമായുള്ള ഔദ്യോഗിക ഇടപെടൽ ആരംഭിച്ച അദേഹം അതേ കെയർസെന്ററിനു സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പാലിയേറ്റീവിനൊട് ചെർന്നുള്ള അൻപത് സെന്റ് ഭൂമി വിട്ടുകിട്ടാനും കെട്ടിടം നിർമ്മിക്കാനുമുള്ള നടപടികൾക്ക് ധാരണയാക്കിയാണ് അഞ്ചുവർഷത്തെ മികവുറ്റ ഭരണത്തിനുശേഷം സ്ഥാനമൊഴിയുന്നത് ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ സ്തുത്യർഹമായ സേവനത്തിന് മൊമന്റൊ നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ഫിനാൻസ് ഓഫീസർ വി. ബാബു, സ്‌നേഹസ്പർശം ഭാരവാഹികളായ ടി.എം അബൂബക്കർ, ഡോ. ഇദ്‌രീസ്, ബി.വി. ജഹഫർ, ബി.എസ് സനാഥ്, കെ. മധുസൂദനൻ, അബ്ദുൽ ഖാദർ, ഇ.പി. കുഞ്ഞബ്ദുള്ള, ദാമോദരൻ നായർ, സുബൈർ മണലൊടി എന്നിവർ സംസാരിച്ചു.

ബാബുപറശ്ശേരിയെ മെമന്റോ നൽകി ആദരിക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *