സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതില്‍; സൂര്യാഘാതത്തിന് സാധ്യത

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതില്‍; സൂര്യാഘാതത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലെന്ന് റിപ്പോര്‍ട്ട്. യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരമാണ് സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും യുവി ഇന്‍ഡക്‌സ് അപകടകരമായ തോതില്‍ ഉയര്‍ന്നതെന്ന് രേഖപ്പെടുത്തിയത്. സാധാരണ നിലയില്‍ യുവി ഇന്‍ഡക്‌സ് 10 ആണെങ്കില്‍ തന്നെ അപകടകരമാണ്. ഇപ്പോള്‍ 10 ഉം കടന്ന് 12ലെത്തിയിരിക്കുകയാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലേയും യുവി ഇന്‍ഡക്‌സ്.

തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്‌സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ,കാസര്‍കോട് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്‌സ് 12, തളിപ്പറമ്പില്‍ 11 എന്നിങ്ങനെയാണ് യു.കെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരമുള്ള സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോത്. പകല്‍ 11.30 മുതല്‍ വെയില്‍ താഴുന്നത് വരെ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.

യുവി ഇന്‍ഡക്‌സ് ഇത്രയും ഉയര്‍ന്നിരിക്കുന്നതിനാല്‍ തന്നെ പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍ കാരണം. അടുത്ത ദിവസങ്ങളിലും യുവി ഇന്‍ഡെക്‌സ് ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ സ്ഥലങ്ങളില്‍ യുവി ഇന്‍ഡെക്‌സ് 12ലേക്ക് എത്താമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് യുവി ഇന്‍ഡെക്‌സ് 12ലേക്ക് ഉയരുന്നത് ഇതാദ്യമല്ല. മുന്‍വര്‍ഷങ്ങളിലും സമാനതോതില്‍ തന്നെയായിരുന്നു അള്‍ട്രാ വയലറ്റ് വികിരണം. പക്ഷെ കൂടിയ താപനിലക്ക് ഒപ്പം, അള്‍ട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്, സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും. പകല്‍ 11.30 മുതല്‍ വെയില്‍ താഴുന്നത് വരെ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *