മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: മൂന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മദ്യപിച്ചു ബസ് ഓടിച്ചതിനാണ് ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി.ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി. ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയും മദ്യപിച്ച് ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. കൂടാതെ മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എ.ടി.ഒയും അടക്കം അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി.ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി.ജോണ്‍ എന്നിവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. പോലിസ് പരിശോധനയില്‍ പിടിയിലായ ഇവരെ ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം പ്രാവശ്യം പോലിസ് സ്റ്റേഷനില്‍ ഇരുത്തി എഴുതിപ്പിച്ചതും ഈ ജീവനക്കാര്‍ യൂണിഫോമില്‍ ഇരുന്ന് ഇംപോസിഷന്‍ എഴുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും കെ.എസ്.ആര്‍.ടി.സിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

ഫെബ്രുവരി 21ന് മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി.രാജേഷ് കുമാറിനെ കറുകച്ചാല്‍ പോലിസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. കോഴഞ്ചേരി – കോട്ടയം സര്‍വ്വിസ് ബസ് ഓടിക്കുന്നതിനിടെയായിരുന്നു പരിശോധനയില്‍ ഇയാള്‍ കുടുങ്ങിയത്. പിന്നീട് രാജേഷിനെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി. രാജേഷിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് സര്‍വിസ് മുടങ്ങി. ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് 7,000 രൂപ വരുമാന നഷ്ടവും ഉണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *