നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുള്ള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ (എന്‍.ഐ.എഫ്.എല്‍) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ സംരംഭമാണ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരത്തെ നോര്‍ക്ക റൂട്‌സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജങ്ഷനില്‍ എച്ച്.ആര്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്യം ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയും നിര്‍വഹിച്ചു.

വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തില്‍ ഒരു മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തിന് പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തില്‍ ഇംഗീഷ് ഭാഷയില്‍ ഒ.ഇ.റ്റി (O.E.T Occupational English Test), ഐ.ഇ.എല്‍.ടി എസ്. (I.E.L.T.S International English Language Testing System), ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവല്‍ വരെയും പഠിക്കാന്‍ അവസരം ഇവിടെ ഉണ്ടാകും. ഇതില്‍ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായുളള O.E.T യുടെ ആദ്യ ബാച്ച് ഉടന്‍ ആരംഭിക്കും. 25 പേര്‍ വീതമുളള മൂന്നു ബാച്ചുകള്‍ക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് സെന്റര്‍. ആദ്യഘട്ടത്തില്‍ രണ്ടു ഷിഫ്റ്റുകളിലായി ആറു ബാച്ചിന് പരിശീലനം ലഭ്യമാക്കും. രാവിലെ 9 മുതല്‍ 12.30 വരെയും ഉച്ചയ്ക്കുശേഷം 12.30 മുതല്‍ 4.30 വരെയുമാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യോഗ്യരായ അധ്യാപകര്‍, ആരോഗ്യകരമായ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ച ക്ലാസ് മുറികള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

നോര്‍ക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തില്‍ ഭാഷാ പഠനം എല്ലാവര്‍ക്കും പ്രാപ്യമാക്കാന്‍ കഴിയും വിധം ഫീസ് സബ്‌സിഡി നല്‍കുന്നുണ്ട്. ജനറല്‍ വിഭാഗത്തിലുള്‍പ്പെട്ട ആളുകളുടെ 75 ശതമാനം ഫീസും സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുമ്പോള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും ഫീസ് പൂര്‍ണമായും സൗജന്യമായിരിക്കും.

തൈക്കാട് മേട്ടുകട ജങ്ഷനിലെ എന്‍.ഐ.എഫ്.എല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ശ്യാം ചന്ദ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ എം. രാധാകൃഷ്ണന്‍, കേരളത്തിലെ ഹോണററി ജര്‍മ്മന്‍ കൗണ്‍സല്‍ ഡോ. സെയ്ദ് ഇബ്രാഹിം, നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അസ്സോസ്സിയേറ്റ് പ്രൊഫസര്‍ പി.ജി അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ 1800 425 3939 (ഇന്ത്യയില്‍നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

Share

Leave a Reply

Your email address will not be published. Required fields are marked *