തലശ്ശേരി: കുത്തക കമ്പനികളെ നേരിടാന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍ കേബിള്‍ ടി.വി ഓപറേറ്റേഴ്സ് ജില്ലാ സൗത്ത് സോണ്‍ കണ്‍വന്‍ഷന്‍ തലശ്ശേരി നവരത്ന ഇന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കേബിള്‍ ഓപ്പറേറ്റര്‍സ് മേഖല മുന്നോട്ട് പോകുമെന്നും കുത്തകവത്കരണത്തിനെതിരെയുള്ള പോരാട്ടമാണ് സി.ഒ.എ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേത്. ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ ഭാഗമായി കേരള വിഷന്‍ ബ്രോഡ്ബാന്റ് വഴി സാധരണക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും എം.മന്‍സൂര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയും കുത്തകകള്‍ക്ക് അനുകൂലമായി നിന്ന് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നിയമ നിര്‍മ്മാണം കൊണ്ടുവന്നിരിക്കുന്നത് കുത്തകകള്‍ക്കെതിരെ ആണ്. എന്നാല്‍, ട്രായ് ഉള്‍പ്പെടെ കുത്തകകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വലിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ കാര്യത്തില്‍ കേരള വിഷന്‍ ഏറെ മുന്നിലാണെന്നും എം മന്‍സൂര്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ജയകൃഷ്ണന്‍.വി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആര്‍ രജീഷ് ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതം സംഘം വൈസ് ചെയര്‍മാന്‍ കെ.ഒ പ്രശാന്ത് അനുശോചനം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന്‍ ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ.സജീവ് കുമാര്‍ ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിജേഷ് അച്ചാണ്ടി, കെ.വിജയകൃഷ്ണന്‍, കെ.സി.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ മംഗലത്ത്, സംസ്ഥാന കമ്മിറ്റി അംഗം പി.ശശികുമാര്‍, ജില്ലാ ട്രഷറര്‍ എ.വി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ ദിനേശന്‍ സ്വാഗതവും, സി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. വി.ജയകൃഷ്ണന്‍ പതാക ഉയര്‍ത്തി.