കോഴിക്കോട്: കോഴിക്കോട് മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 26ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ ടീം ഡബ്ല്യു.ആര്‍.സി ഫ്‌ളൈ മെഷീന്‍ – 2023 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
21 കാറ്റഗറിയിലാണ് മല്‍സരങ്ങള്‍ നടക്കുക. ഓള്‍ ഇന്ത്യ തലത്തിലുള്ള മത്സരങ്ങള്‍ ആയതിനാല്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക പരിശീലനം നേടിയവരാണ് പങ്കെടുക്കുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 60,000, 40,000 എന്നിങ്ങനെ ക്യാഷ്‌പ്രൈസും മറ്റുള്ളവര്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. 150ഓളം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ആള്‍ ഇന്ത്യ സൂപ്പര്‍ ക്രോസ് ചാംപ്യന്‍ഷിപ്പും ഇന്റര്‍നാഷണല്‍ ഫ്രീം സ്റ്റൈല്‍ FMX ഷോയുമാണ് നടക്കുന്നത്.
പതിനയ്യായിരം കാണികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗാലറിയും മത്സരം കുടുംബസമേതം കാണുവാനുള്ള സജ്ജീകരണങ്ങളും റമദാന്‍ മാസമായതിനാല്‍ നമസ്‌കാരത്തിനും നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും കൗണ്ടര്‍ വഴിയും ലഭിക്കും. മല്‍സരത്തിലൂടെ ലഭിക്കുന്ന വരുമാനം ചാരിറ്റിയടക്കമുള്ള പ്രവര്‍ത്തികള്‍ക്കായി നീക്കിവയ്ക്കും. ദി ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യ (FMSCI)യുടെ ലൈസന്‍സ് നിയമങ്ങള്‍ പാലിച്ചാണ് മത്സങ്ങള്‍ നടക്കുക. കോഴിക്കോട് ആദ്യമായാണ് അഖിലേന്ത്യ തലത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിവക്ക് മത്സരം കരുത്ത് പകരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ മുകില്‍ എം.കെ ( പ്രസിഡന്റ്), ജുബിന്‍ രാജ്.കെ (സെക്രട്ടറി), കോ-ഓര്‍ഡിനേറ്റര്‍മാരായ തേജസ് ദാമോദര്‍, ദീരജ് എസ്.കെ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.