മാഹി: താന്ത്രിക കര്‍മങ്ങളില്‍ മാത്രമല്ല അക്കാദമി രംഗത്തും മികവ് പുലര്‍ത്തിയ കടത്തനാട്ടെ പ്രധാന തന്ത്രി കുടുംബമായ വല്യാപള്ളിയിലെ ഏറാഞ്ചേരി ഇല്ലത്തെ തന്ത്രി ബ്രഹ്‌മശ്രീ ഡോ.പ്രസാദ് ഏറാഞ്ചേരിയെ ഈസ്റ്റ് പള്ളൂര്‍ നെല്ലിയാട്ട് ശ്രീകളരി ഭഗവതിക്ഷേത്ര ഭാരവാഹികളും ദേശവാസികളും ചേര്‍ന്ന് ആദരിച്ചു. സസ്യശാസ്ത്രത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പോളിനേഷന്‍ ബയോളജില്‍ പി.എച്ച്.ഡി ബിരുദം നേടി. വാവ്വാലുകളെക്കുറിച്ചായിരുന്നു ഡോ.പ്രസാദിന്റെ എം.ഫില്‍ ഗവേഷണം. പഴ വവ്വാലുകളുടെ വിത്തുവിതരണ സമ്പ്രദായത്തെക്കുറിച്ചും ആഹാര സമ്പ്രദായത്തെ ക്കുറിച്ചും വിശദമായ പഠനം നടത്തിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി ‘പ്ലാന്റ്ബാറ്റ് ഇന്ററാക്ഷന്‍ എന്ന പേരില്‍ വവ്വാലുകളെക്കുറിച്ച് പുസ്തകം രചിച്ചു. വവ്വാലുകളെക്കുറിച്ച് ഇരുട്ടിലെ ജ്ഞാനികള്‍ എന്ന ആര്‍ട്ടിക്കിളും എഴുതിയിട്ടുണ്ട്. കൂടാതെ പ്ലസ്ടു വിദ്യാര്‍ഥികളുടെ ശാസ്ത്രമേളയ്ക്ക് ഗവേഷണ പ്രബന്ധം തയ്യാറാക്കി നല്‍കി സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഏകദേശം 200 ല്‍പരം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം അലങ്കരിക്കുന്നവരാണ് ഏറഞ്ചേരി ഇല്ലം. പ്രസാദ് ഏറാഞ്ചേരി ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാക്രിയകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഏറാഞ്ചേരി രുദ്രന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റേയും മകനാണ്. ക്ഷേത്ര പ്രതിഷ്ഠാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ക്ഷേത്രകാരണവരും ക്ഷേത്രപ്രസിഡന്റുമായ കെ.പി രാഘവന്‍ നമ്പ്യാര്‍ ഉപഹാരം നല്‍കി. എ.ദിനേശന്‍ പൊന്നാട അണയിച്ചു.