ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബാങ്കിങ് മേഖല വന്‍തകര്‍ച്ചയിലേയ്ക്ക്. സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും കൂപ്പുകുത്തി വീണു. ഓഹരിവില ഇടിഞ്ഞതിനു പിന്നാലെ ന്യുയോര്‍ക്ക് ആസ്ഥാനമായ സിഗ്‌നേച്ചറിന് ഇന്നലെയാണ് പൂട്ടുവീണത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത്.2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് അമേരിക്കയില്‍ നടക്കുന്നത്. ആഗോള വ്യാപാരമേഖലയില്‍ ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞു. അതേസമയം,ബാങ്കുകള്‍ തകരുന്നത് പ്രസിഡന്റ് ജോ ബൈഡന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ആരോപണം ഉയരുന്നുണ്ട്. ബൈഡന്റെ കസേരയിളക്കുന്നതാണ് പുതിയ തകര്‍ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
48 മണിക്കൂര്‍ കൊണ്ട് സിലിക്കണ്‍ വാലി ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകര്‍ച്ച നേരിട്ടത്. യുഎസ് ബോണ്ടുകളിലായിരുന്നു സിലിക്കണ്‍ വാലി നിക്ഷേപം നടത്തിയിരുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം മുതല്‍ പലിശ നിരക്ക് ഉയര്‍ത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കോവിഡ് വ്യാപനത്തോടെ സ്റ്റാര്‍ട്ടപ്പുകളിലുള്ള ഫണ്ടിങ്ങും കുറഞ്ഞു. ഇതോടെ പലരും നിക്ഷേപം പിന്‍വലിച്ചു.
അതേസമയം, ബാങ്കുകള്‍ അടച്ചുപൂട്ടിയാലും നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കി. നാളെ മുതല്‍ നിക്ഷേപകരുടെ മൂഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കും. ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ട്രഷറി എന്നിവയ്ക്ക് ഫെഡറല്‍ റിസര്‍വ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.നിക്ഷേപകരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് അധിക പണം ലഭ്യമാക്കും.